- August 13, 2025
അമല ആയുർവേദാശുപത്രി അടാട്ട് പഞ്ചായത്ത് നിവാസികൾക്കായി സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി
അമല ആയുർവേദാശുപത്രിയുടെ ആഭിമുഖ്യത്തിൽ, പൊതുജനങ്ങളിൽ കൂടുതലായി കണ്ടുവരുന്ന "കാൽമുട്ട് തേയ്മാനം (ജാനുസന്ധിഗതവാതം)" എന്ന രോഗാവസ്ഥയെ അടിസ്ഥാനപ്പെടുത്തിയുള്ള ഗവേഷണ-പഠന പദ്ധതിയുടെ ഭാഗമായ ആദ്യത്തെ സൗജന്യ മെഡിക്കൽ ക്യാമ്പ്, അടാട്ട് പഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി സിമി അജിത് കുമാർ ഉദ്ഘാടനം ചെയ്തു. അടാട്ട് പഞ്ചായത്തിലെ 7,8,9,10 വാർഡുകളിലെ സ്ഥിരതാമസക്കാർക്കായാണ് ഈ മെഡിക്കൽ ക്യാമ്പ് നടത്തിയത്. കേന്ദ്ര ആയുഷ് മന്ത്രാലയത്തിന്റെ സാമ്പത്തിക സഹായത്തോടെ, ഏകദേശം ഒന്നരക്കോടി രൂപ ചെലവ് വരുന്ന ഈ പദ്ധതിയിലൂടെ, അമല ആശുപത്രിയ്ക്ക് ചുറ്റുമുള്ള 6 പഞ്ചായത്തുകളിലെ സ്ഥിരതാമസക്കാരായ പൊതുജനങ്ങളെയാണ് ഈ പദ്ധതിയുടെ ഗുണഭോക്താക്കളായി ലക്ഷ്യമിടുന്നത്. മൂന്നു വർഷത്തോളം തുടരുന്ന സൗജന്യ മെഡിക്കൽ ക്യാമ്പുകളിലൂടെ ഈ രോഗാവസ്ഥയുള്ളവരെ കണ്ടെത്തി, രക്തപരിശോധന, എക്സ് -റേ എന്നിവയിലൂടെ രോഗനിർണ്ണയം നടത്തി, ആയുർവേദ ചികിത്സ ഗ്രന്ഥങ്ങളിൽ പ്രതിപാദിച്ചിട്ടുള്ള വിവിധ ഔഷധങ്ങൾ നൽകി സൗഖ്യം നൽകുന്നതാണ് ഈ പദ്ധതി. രോഗികളെ കണ്ടെത്തുന്നത് മുതൽ 3 വർഷത്തോളം നീളുന്ന ഈ ചികിത്സ പദ്ധതി തീർത്തും സൗജന്യമാണ്.