- April 27, 2024
അബദ്ധത്തില്‍ ടര്‍പന്‍റയിന്‍ കുടിച്ച രോഗി സുഖം പ്രാപിച്ചു
വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ ടര്‍പന്‍റയിന്‍ കുടിച്ച് അമല മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റായ പുല്ലഴി സ്വദേശി ഷൗക്കത്തലി -60 അപകടനില തരണം ചെയ്തു. വീട്ടില്‍ പെയിന്‍റിംഗ് പണി നടക്കുന്നതിനാല്‍ പെയിന്‍റില്‍ ചേര്‍ക്കാനായി ടര്‍പന്‍റയിന്‍ വാങ്ങിവെച്ചിരുന്നു. പെയിന്‍റര്‍മാര്‍ വെള്ളം ഇരുന്ന കുപ്പയിലാണ് ടര്‍പന്‍റയിന്‍ നിറച്ച് വെച്ചിരുന്നത്. പെട്രോള്‍ പമ്പില്‍ ജോലികഴിഞ്ഞെത്തിയ ഷൗക്കത്തലി വെള്ളമാണെന്ന് കരുതി അബദ്ധത്തില്‍ കുടിക്കുകയായിരുന്നു. പെട്ടെന്ന് കുടിച്ചപ്പോള്‍ ടര്‍പന്‍റയിന്‍റെ കുറച്ച് ഭാഗം ശ്വാസകോശത്തിലേക്കും കയറി. ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയില്‍ ചെന്നെങ്കിലും കുഴപ്പമില്ലെന്ന് പറഞ്ഞ് തിരിച്ചയക്കുകയായിരുന്നു. രണ്ട് ദിവസം കഴിഞ്ഞപ്പോള്‍ ശക്തമായ പുറംവേദനയും കഫക്കെട്ടും അനുഭവപ്പെട്ടു. ഇ.എസ്.ഐ. ആശുപത്രിയില്‍ നിന്നും എക്സറെ എടുത്തപ്പോള്‍ ശ്വാസകോശത്തില്‍ ലായനി ഉള്ളതായി കണ്ടെത്തി. ഉടന്‍തന്നെ അമല മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്തു. പള്‍മനോളജി പ്രൊഫസ്സര്‍ ഡോ.തോമസ് വടക്കന്‍റെ നേതൃത്വത്തില്‍ ബ്രോങ്കോസ്കോപ്പി നടത്തി ടര്‍പന്‍റയിന്‍റെ സാന്നിദ്ധ്യം സ്ഥിരീകരിച്ചു. ശ്വാസകോശം പലപ്രാവശ്യം കഴുകി ടര്‍പന്‍റയിന്‍റെ അംശം പുറത്തെടുത്തു. ശരീരത്തില്‍ ഓക്സിജന്‍ കുറഞ്ഞിരുന്നു. ഇപ്പോള്‍ ചുമയും ശ്വാസംമുട്ടലും മാറി ഓക്സിജന്‍റെ അളവ് സാധാരണ നിലയിലായി. ഡോ.തോമസ് വടക്കനോടൊപ്പം ഡോ.ശില്പ, ഡോ.ശുഭം ചന്ദ്ര, ആഷ്ലി, രശ്മി എന്നിവരടങ്ങിയ ടീമാണ് ചികിത്സ നല്‍കിയത്.