- December 01, 2023
അമലയിൽ ഡിസ്ട്രോപ്പിക് സ്കോളിയോസിസിന് എൻഡോസ്കോപിക് സർജറി വിജയം കണ്ടു
അമല നഗർ: തൃശ്ശൂർ അമല മെഡിക്കൽ കോളേജിൽ 10 വയസ്സുകാരന്റെ ഡിസ്ട്രോപ്പിക് സ്കോളിയോസിസ് മൂലമുള്ള നട്ടെല്ല് വളവ് എൻഡോസ്കോപ്പിക് സർജറിയിലൂടെ ചികിത്സിച്ച് ഭേദമാക്കി. കുരിയച്ചിറ വിതയത്തിൽ സന്തോഷ്- പ്രിൻസി ദമ്പതികളുടെ മകനായ തോംസൺ കുര്യച്ചിറ സെന്റ് ജോസഫ് ഇംഗ്ലീഷ് മീഡിയം സ്കൂൾ നാലാം ക്ലാസ് വിദ്യാർത്ഥിയാണ്. ഭക്ഷണം കഴിക്കാനും, നടക്കാനുമുള്ള ബുദ്ധിമുട്ട് കൂടിയപ്പോഴാണ് അമലയിൽ എത്തിയത്. ജനിതക വൈകല്യമൂലം നട്ടെല്ലിന് സംഭവിച്ച 80 ഡിഗ്രി വളവ് ന്യൂതന സാങ്കേതിക വിദ്യയായ കീഹോൾ സർജറിയിലൂടെ മാറ്റിയെടുത്തത്. നട്ടെലിന്റെ രൂപഘടനയിൽ വളരെ മാറ്റങ്ങൾ ഉള്ള രോഗമായതിനാൽ ഓപ്പറേഷൻ തികച്ചും സങ്കീർണ്ണം ആയിരുന്നു. ഓർത്തോ സ്പൈൻ സർജൻ ഡോക്ടർ സ്കോട്ട് ചാക്കോ ജോൺ, അനസ്തീഷ്യ ഡോക്ടർ മിഥുൻ, ഡോക്ടർ ബിനു, ഡോക്ടർ തോംസൺ, നേഴ്സുമാരായ സിസ്റ്റർ ദീപ, റീന, സിനി എന്നിവരുടെ ടീം ആണ് ചികിത്സയ്ക്ക് നേതൃത്വം നൽകിയത്. വളരെ സാമ്പത്തിക ചിലവുള്ള ചികിത്സ ആയതിനാൽ പൊതുജനങ്ങളുടെ സഹായവും അമല മാനേജ്മെന്റിന്റെ ചികിത്സ ഇളവുകളും ലഭിച്ചിരുന്നു. ചികിത്സ പൂർത്തിയാക്കിയ തോംസൺ ഇന്ന് വീട്ടിലേക്ക് മടങ്ങും.