- June 14, 2024
അമലയില്‍ വൈദ്യശാസ്ത്രപഠനത്തിന് മൃതദേഹം സമര്‍പ്പിച്ച് ദമ്പതികള്‍ മാതൃകയായി
തൃശ്ശൂര്‍: അമല മെഡിക്കല്‍ കോളേജിലെ എം.ബി.ബി.എസ്. വിദ്യാര്‍ത്ഥികളുടെ പഠനത്തിനായി മൃതദേഹങ്ങള്‍ നല്‍കാമെന്ന വാഗ്ദാനം പാലിച്ചു. ദമ്പതികളായ പാലയ്ക്കല്‍ കൂനംപ്ലാക്കല്‍ ഫ്രാന്‍സിസും എല്‍സിയും. ഭര്‍ത്താവ് ഫ്രാന്‍സിസിന്റെ മരണം 2 വര്‍ഷം മുന്‍പായിരുന്നു. എല്‍സിയുടെ മൃതദേഹം 13ാം തിയതി ബന്ധുമിത്രാദികള്‍ അമലയ്ക്ക് സമര്‍പ്പിച്ചു. ഫ്രാന്‍സിസ് എഞ്ചിനീയറായും എല്‍സി നഴ്സായും ജര്‍മ്മനിയില്‍ നിരവധി വര്‍ഷം സേവനം അനുഷ്ഠിച്ചിട്ടുണ്ട്. മൃതദേഹം പഠനാവശ്യത്തിന് വിട്ടുനല്‍കാനുള്ള സമ്മതപത്രം നേരത്തെ അമലയില്‍ ഏല്‍പ്പിച്ചിരുന്നു. മതപരമായ എല്ലാ ചടങ്ങുകളും പൂര്‍ത്തിയാക്കിയാണ് മക്കളായ ആശ മാര്‍ട്ടിനും മിഷ ഫ്രാന്‍സിസും ബന്ധുമിത്രാദികളും ചേര്‍ന്ന് മൃതദേഹം കൈമാറിയത്. അസോസിയേറ്റ് ഡയറക്ടര്‍ ഫാ.ആന്റണി മണ്ണുമ്മല്‍, പ്രിന്‍സിപ്പള്‍ ഡോ.ബെറ്റ്സി തോമസ്, അനാട്ടമി വിഭാഗം മേധാവി ഡോ.ലോലദാസ് എന്നിവരും സ്റ്റാഫംഗങ്ങളും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് മൃതദേഹം ആദരവോടെ ഏറ്റുവാങ്ങി.