- December 22, 2025
ഓട്ടിസം വിദ്യാർത്ഥികളോടൊത്ത് അമല നഴ്സിങ്ങ് കോളേജ് ക്രിസ്തുമസ് ആഘോഷിച്ചു.
അമലനഗർ: പേരാമംഗലം, മരിയഭവനിൽ സ്നേഹസാന്ത്വനമായി അമലയിലെ നേഴ്സിങ് കോളേജിലെ വിദ്യാർത്ഥികളും അദ്ധ്യാപകരും അർത്ഥ പൂർണ്ണമായ ക്രിസ്തുമസ് ആചരിച്ചു. ക്രിസ്തുമസ് ആഘോഷങ്ങളുടെ ഭാഗമായി, അമല മെഡിക്കൽ കോളേജ് ആശുപത്രിയിലെ പാലിയേറ്റിവ് കെയർ വിഭാഗവും അമല കോളേജ് ഓഫ് നേഴ്സിങും സംയുക്തമായി പേരാമംഗലം മരിയഭവൻ സന്ദർശിച്ച് വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു. വിദ്യാർത്ഥികൾ തയ്യാറാക്കിയ നിത്യോപയോഗ വസ്തുക്കളടങ്ങിയ സ്നേഹപ്പൊതികൾ ക്രിസ്തുമസ് സമ്മാനമായി എല്ലാവർക്കും വിതരണം ചെയ്തു. ആരെയും തൻ്റെ സ്നേഹത്തിൽ നിന്ന് മാറ്റി നിർത്താത്തതാണ് നല്ല മനസിൻ്റെ അടയാളമെന്നും അവിടെയാണ് ക്രിസ്തു ജന്മംകൊള്ളുകയെന്നും അമല ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് , ജോയിന്റ് ഡയറക്ടർ, ഫാദർ, ജെയ്സൺ മുണ്ടന്മാണി സി.എം.ഐ, തൻ്റെ ക്രിസ്തുമസ് സന്ദേശത്തിൽ പറഞ്ഞു. പാലിയേറ്റിവ് കെയർ വിഭാഗത്തെ പ്രതിനിധീകരിച്ച്, ഡോക്ടർ സിസ്റ്റർ നാൻസി, മരിയ ഭവൻ സുപീരിയർ, സിസ്റ്റർ റൊമാന , പ്രിൻസിപ്പൽ സിസ്റ്റർ എമ്മ , അമല പാലിയറ്റീവ് വിഭാഗം കോർഡിനേറ്റർ, ശ്രീമതി സ്നേഹ , അമല കോളേജ് ഓഫ് നേഴ്സിങ് - കമ്മ്യുണിറ്റി ഹെൽത്ത് നേഴ്സിങ് ഡിപ്പാർട്മെൻറ് പ്രൊഫസർ സിസ്റ്റർ ഡോക്ടർ മെർലി ജോൺ, അസ്സോസിയേറ്റ് പ്രൊഫസർ, ശ്രീമതി റിനു ഡേവിഡ് , ശ്രീമതി ഷാലി ജോസഫ് എന്നിവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.ഓട്ടിസം ബാധിച്ച വിദ്യാർത്ഥികളോടൊത്ത് നൃത്ത ചുവടുകൾ വച്ചതും, അവരുടെ കലാപരിപാടികൾ ആസ്വദിച്ചതും ഊഷ്മളമായ ഒരു ക്രിസ്തുമസിൻ്റെ വൈബ് തങ്ങളിലുണ്ടാക്കിയെന്ന് വിദ്യാർത്ഥികൾ പങ്കുവച്ചു.