- July 05, 2024
മുഹമ്മദ് അബ്ദുള്‍ നാസര്‍ ഇനിയും പാടും ഇസല്‍ ഗാനങ്ങള്‍
തൃശ്ശൂര്‍: കോട്ടയ്ക്കല്‍ തെന്നല പിലായ്ക്കല്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍ (59) ഒരു ഓട്ടോറിക്ഷ ഡ്രൈവറും ഗായകനുമാണ്. മാപ്പിളപാട്ടും ഹിന്ദിഗാനങ്ങളുമാണ് കൂടുതല്‍ പ്രിയം. ചെമ്മാട് ഇസല്‍ അക്കാദമിയില്‍ ആഴ്ചയിലൊരിക്കല്‍ പാട്ട് പാടാന്‍ പോകും. ഹാര്‍മോണിയം വായനയുമുണ്ട്. സുഹൃത്തായ ഹെഡ്മാസ്റ്ററുടെ യാത്രയയപ്പ് യോഗത്തില്‍ ഒന്നരവര്‍ഷം മുന്‍പ് പങ്കെടുത്ത് ലഗോണ്‍ കോഴിയിറച്ചികൊണ്ട് ഉണ്ടാക്കിയ സ്പെഷല്‍ ബിരിയാണി കഴിച്ചതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കം. ഇറക്കുമ്പോള്‍ വലിയ ബുദ്ധിമുട്ടും വേദനയും അനുഭവപ്പെട്ടു. ഒരുവിധത്തില്‍ വേദനസഹിച്ച് എല്ലോടുകൂടിയ ബിരിയാണി ഇറക്കി. വയറ്റിലേക്കാണ് ഇറങ്ങിപ്പോയതെന്ന് കരുതി ആശ്വസിച്ചു. സംശയനിവാരണത്തിനായി അടുത്തുള്ള ആശുപത്രിയില്‍ പോയി എക്സറേ എടുത്തു. കുഴപ്പമില്ലെന്ന് പറഞ്ഞ് ഡോക്ടര്‍മാര്‍ മടക്കി അയച്ചു. സാധാരണപോലെ ജോലിയില്‍ ഏര്‍പ്പെടാന്‍ തുടങ്ങി. ഒന്നരവര്‍ഷം മുന്‍പ് ഉണ്ടായ സംഭവമാണെങ്കിലും രണ്ടാഴ്ചമുന്‍പാണ് കടുത്ത ചുമയും ശ്വാസതടസ്സവും കഫത്തില്‍ രക്തത്തിന്‍റെ അംശവും കണ്ടെത്തിയത്. ഉടന്‍ തിരൂരിലുള്ള ആശുപത്രിയില്‍ പോയി സി.ടി.സ്കാന്‍ എടുത്തു. ശ്വാസകോശത്തിന്‍റെ അറകളില്‍ എന്തോ കുടുങ്ങികിടക്കുന്നതായി കണ്ടെത്തി. അവിടുത്തെ ഡോക്ടര്‍മാര്‍ തൃശ്ശൂരിലെ പള്‍മനോളജിസ്റ്റ് ജൂഡോ വാച്ചാപറമ്പലിന് റെഫര്‍ ചെയ്തു. ഉടന്‍ ബ്രോങ്കോസ്കോപ്പി നടത്താനായി ഡോക്ടര്‍ അമലയിലേയ്ക്കയച്ചു. പള്‍മനോളജി പ്രൊഫസ്സര്‍ ഡോ.തോമസ് വടക്കനും ഡോ.ശുഭം ചന്ദ്രയും ചേര്‍ന്ന് ബ്രോങ്കോസ്കോപ്പി നടത്തി ശ്വാസകോശത്തില്‍ കുടുങ്ങിയ വലിയ എല്ലിന്‍കഷ്ണം പുറത്തെടുത്തു. 'Y' രൂപത്തിലുള്ള എല്ലിന്‍ കഷ്ണം രക്തസ്രാവമില്ലാതെ പുറത്തെടുക്കാനായത് വലിയ നേട്ടമായി ഡോക്ടര്‍മാര്‍ പറഞ്ഞു. ഇനിയും ഇസല്‍ ഗാനങ്ങള്‍ പാടാനായതില്‍ മുഹമ്മദ് അബ്ദുള്‍ നാസര്‍ വലിയ സന്തോഷത്തിലാണ്. തന്നെ ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്ന അമല മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരോടും നഴ്സുമാരോടും നന്ദിയര്‍പ്പിച്ച് മുഹമ്മദ് യാത്രയായി ഇസല്‍ഗാനസന്ധ്യയിലേക്ക്.