- December 11, 2025
അമലയിൽ 121 കാൻസർ രോഗികൾക്ക് സൗജന്യമായി വിഗ്ഗുകൾ നൽകി
അമല നഗർ : കാൻസർ രോഗംമൂലം മുടി നഷ്ടമായ 121 പേർക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രി സൗജന്യമായി വിഗ്ഗുകൾ നൽകി.അമല ഓഡിറ്റോറിയത്തിൽ വച്ചു നടന്ന 39 മത് സൗജന്യ വിഗ്ഗ് വിതരണ മീറ്റിങ്ങിൽ, മുഖ്യ അതിഥി, പാലക്കാട് രൂപത മുൻ ബിഷപ്പ് ജേക്കബ് മനത്തോടത്ത് വിഗ്ഗ് നൽകി ഉദ്ഘാടനകർമ്മം നിർവ്വഹിച്ചു. അമല മെഡിക്കൽ കോളേജ് ഡയറക്ടർ, ഫാ ജൂലിയസ് അറയ്ക്കൽ സി.എം.ഐ., അദ്ധ്യക്ഷത വഹിച്ചു. ജോയിൻ്റ് ഡയറക്ടർ , ഫാ. ജെയ്സൺ മുണ്ടൻമാണി സി.എം.ഐ. , ഡോ. രാകേഷ് എൽ. ജോൺ (എച്ച്ഒഡി, പാലിയേറ്റീവ് മെഡിസിൻ), സീന അഗസ്റ്റിൻ , ഡോ. സിസ്റ്റർ നാൻസി എസ്. എച്ച് (ഡിപ്പാർട്ട്മെന്റ് ഓഫ് വെൽനസ് വിഭാഗം മേധാവി) , പി.കെ. സെബാസ്റ്റ്യൻ, കേശദാനം -സ്നേഹദാനം പ്രോഗ്രാം കോർഡിനേറ്റർ, എന്നിവർ മീറ്റിങ്ങിൽ പ്രസംഗിച്ചു.സ്തനാർബുദം ബാധിച്ച 30 രോഗികൾക്ക് കൃത്രിമ സ്തനങ്ങളും മീറ്റിങ്ങിൽ സൗജന്യമായി വിതരണം ചെയ്തു. കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള 200 പേർ മീറ്റിങ്ങിൽ പങ്കെടുത്തു. കേശദാനം = സ്നേഹദാനം ക്യാമ്പുകൾ സംഘടിപ്പിച്ച 18 സ്ഥാപനങ്ങളെയും അമല ആശുപത്രിയിൽവച്ച് മുടി മുറിച്ചു നൽകിയ 23 വ്യക്തികളെയും മീറ്റിങ്ങിൽ മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി ആദരിച്ചു. എഴുത്തുകാരനും സാഹിത്യകാരനും ക്യാൻസർ സർവൈവറും ആയ ശ്രീ.ഫ്രാൻസിസ് അസീസി രചിച്ച '"കാൻസറും പ്രണയവും ചൂടുള്ള പൊറോട്ടയും " എന്ന പുസ്തകവും ചടങ്ങില്‍ പ്രകാശനം ചെയ്തു.ഇതിനോടകം 2397 കാൻസർ രോഗികൾക്ക് അമല മെഡിക്കൽ കോളേജ് ആശുപത്രിയിൽ നിന്നും സൗജന്യമായി വിഗ്ഗുകളും 700 സ്തനാർബുദ രോഗികൾക്ക് സൗജന്യ മായി നിറ്റഡ് നോക്കേഴ്സും നൽകാൻ കഴിഞ്ഞതായി അമല ആശുപത്രി, ജോയിൻ്റ് ഡയക്ടർ, ഫാ. ജെയ്സൺ മുണ്ടൻമാണി പറഞ്ഞു..520 പുരുഷന്മാർ ഉൾപെടെ 3 വയസ്സു മുതൽ 70 വയസ്സു വരെയുള്ള സമൂഹത്തിൻ്റെ വിവിധ മേഖലകളിൽ പ്രവർത്തിക്കുന്ന ഇരുപത്തിരണ്ടായിരം പേർ ഈ സ്നേഹ കൂട്ടായ്മയിലേക്ക് 30 സെൻ്റീ മീറ്റർ നീളത്തിൽ മുടി ദാനം ചെയ്തതുകൊണ്ടാണ് സൗജന്യമായി വിഗ്ഗുകൾ കൊടുക്കുവാൻ കഴിഞ്ഞതെന്നും, ഫാ. ജെയ്സൺ അറിയിച്ചു.ഇതുവരെ, ആവശ്യപെട്ടിട്ടുള്ള എല്ലാ കാൻസർ രോഗികൾക്കും സൗജന്യമായി വിഗ്ഗുകൾ നൽകാൻ കഴിഞ്ഞുവെന്നും അദ്ദേഹം ഓർമ്മപെടുത്തി. തുടർന്നും അമല പാലിയറ്റീവ് കെയർ വിഭാഗത്തിൻ്റെ നേതൃത്വത്തിൽ സൗജന്യമായി കാൻസർ രോഗികൾക്ക് വിഗ്ഗ് നൽകാനാണ് ആഗ്രഹിക്കുന്നതെന്നും അദ്ദേഹം അറിയിച്ചു.അമല ആശുപത്രിയിൽ മാത്രമല്ല മറ്റ് ആശുപത്രികളിൽ ചികിത്സ തേടുന്ന രോഗികൾക്കും അമല ആശുപത്രിയിലെ പാലിയറ്റീവ് വിഭാഗത്തിൽ നിന്നും വിഗ്ഗുകൾ സൗജന്യമായി നൽകിവരുന്നുണ്ടെന്ന് ആശുപത്രി അധികാരികൾ പറഞ്ഞു.അമല നഴ്സിങ്ങ് കോളേജിലെ വിദ്യാർത്ഥികളും അമല ആശുപത്രിയിലെ ജീവനക്കാരും കേരളത്തിൻ്റെ വിവിധ ഭാഗങ്ങളിൽ നിന്നുമള്ള 23 പേരും 30 സെൻ്റീമീറ്റർ നീളത്തിൽ മുടി മുറിച്ചു നൽകി.കഴിഞ്ഞ മൂന്ന് മാസത്തിനുള്ളിൽ കേശദാനക്യാമ്പ് നടത്തിയ 18 സ്ഥാപനങ്ങളെയും, കേശദാനം നടത്തിയവരെയും മെമൻ്റോയും സർട്ടിഫിക്കറ്റും നൽകി മീറ്റിങ്ങിൽ ആദരിച്ചു.